Powers of X: Infinite Grace
→ June 22, 2019 | Reading time: ~1 minute
കുഞ്ഞുണ്ണിയെ തനിയെ വിട്ടുകൊണ്ട് നിർമ്മലാനന്ദൻ ആശ്രമത്തിലേയ്ക്കു നടന്നു. കാട്ടുചെടികളുടെ മേൽ കുഞ്ഞുണ്ണി കുനിഞ്ഞു. അവ തങ്ങളുടെ കടയ്ക്കൽ വളർന്ന പുല്ലുകളിലേയ്ക്കു ചൂണ്ടിക്കാട്ടി. പുല്ലുകൾ തങ്ങളുടെ കടയ്ക്കലേയ്ക്കു ചൂണ്ടിക്കാട്ടി. അവിടെ അവിശ്രമം പാഞ്ഞു നടന്ന ചെറുചാതികളെ കുഞ്ഞുണ്ണി കണ്ടു. ജ്വലിക്കുന്ന നിറങ്ങൾ, ശില്പ സങ്കീർണതയാർന്ന കൊമ്പും കിരീടവും. ഇവരെവിടെ പോകുന്നു? അവസാനിയ്ക്കാത്ത യാത്ര. പുറംതോടിന്റെ ഭാരങ്ങൾ. പുല്ലിന്റെ ഉപനിഷത്ത് ഏറ്റുവാങ്ങാനായി കുഞ്ഞുണ്ണി മണ്ണിലിരുന്നു. യാത്രയല്ല, പ്രാണഭയമിയന്ന പലായനമാണ്; ചാതികൾ ഒന്ന് മറ്റൊന്നിനെ നായാടുകയാണ്. മുക്തിധാമിന്റെ അശാന്തി! കുഞ്ഞുണ്ണിയുടെ മുമ്പിൽ പുൽക്കടയ്ക്കലെ യുദ്ധം ഒരപാരദൃശ്യമായി. സഞ്ജയാ, കുഞ്ഞുണ്ണി പറഞ്ഞു, അങ്ങ് ഒരന്ധന് കാണിച്ചു കൊടുത്ത യുദ്ധത്തിന്റെ ചിത്രം ഇതിന്റെ മുമ്പിൽ തുച്ഛമായിത്തീരുന്നല്ലോ. ഇപ്പോൾ കുഞ്ഞുണ്ണി ആ ചെറുചാതികളിലൊന്നിനകത്തേയ്ക്കു നോക്കി, അതിന്റെ ജൈവസ്ഥലങ്ങളിൽ കറങ്ങിത്തിരിയുന്ന എണ്ണമറ്റ സൗരമണ്ഡലങ്ങളെ കുഞ്ഞുണ്ണി കണ്ടു. ചാതിയുടെ ചോരയ്ക്കകത്ത് അതിന്റെ പുഴയോരങ്ങളിലിരുന്നുകൊണ്ട്, വരാഹമിഹിരന്മാർ ആ സൗരമണ്ഡലങ്ങളുടെ ഗതികൾ ഗണിച്ച് ഏതോ പരമാണു ഗോത്രങ്ങളുടെ ജാതകങ്ങളെഴുതി.
— OV Vijayan, Gurusagaram (The Infinity of Grace)